ബർലിൻ: ജർമനിയിലെ അഭയാർഥി നയത്തിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് ചാൻസലർ ഫ്രീഡ്രിഷ് മെർസ്. ജർമനിയിലുള്ള സിറിയൻ അഭയാർഥികളിൽ 80 ശതമാനം പേരും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന ലക്ഷ്യമാണ് മെർസ് മുന്നോട്ടുവെച്ചിരിക്കുന്നത്. സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷാറയുമായി ബർലിനിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ചാൻസലർ ഈ പ്രഖ്യാപനം നടത്തിയത്
ജർമനിയിലുള്ള 13 ലക്ഷം സിറിയക്കാരിൽ ഏകദേശം 8 ലക്ഷം പേരെ (80%) തിരികെ അയക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അസദ് ഭരണകൂടത്തിന്റെ പതനത്തോടെ സിറിയയിൽ അഭയസ്ഥാനം തേടേണ്ട സാഹചര്യം അവസാനിച്ചുവെന്ന് ചാൻസലർ ചൂണ്ടിക്കാട്ടി.
സിറിയയുടെ പുനർനിർമാണത്തിനായി 2026-ൽ 200 ദശലക്ഷം യൂറോയുടെ സഹായം ജർമനി വാഗ്ദാനം ചെയ്തു. ജർമനിയിൽ നിന്ന് മടങ്ങുന്നവർക്ക് അവിടെ പുതിയ ജീവിതം തുടങ്ങാൻ 'മൈക്രോ ക്രെഡിറ്റ്' പദ്ധതികളും ആവിഷ്കരിക്കും.
ജർമനിയിലുള്ള സിറിയക്കാരുടെ 'അഭയാർഥി പദവി' (Protection Status) വീണ്ടും പരിശോധിക്കും. ജോലിയില്ലാത്തവരും കൃത്യമായി സംയോജിക്കാത്തവരും (Integration) നിർബന്ധമായും മടങ്ങേണ്ടി വരും.
ജർമനി സിറിയൻ ജനതയ്ക്ക് നൽകിയ സഹായങ്ങൾക്ക് പ്രസിഡന്റ് അഹമ്മദ് അൽ-ഷാറ നന്ദി രേഖപ്പെടുത്തി. മടങ്ങിവരുന്നവർക്ക് അവരുടെ ജന്മനാട്ടിൽ എപ്പോഴും സ്വാഗതമുണ്ട്. ജർമനിയിൽ നിന്ന് അവർ പഠിച്ച പുതിയ ആശയങ്ങൾ സിറിയയെ കെട്ടിപ്പടുക്കാൻ സഹായിക്കും," അദ്ദേഹം പറഞ്ഞു.
ഭൂരിഭാഗം സിറിയക്കാരും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നാണ് ഞാൻ കരുതുന്നത്, ചാൻസലർ മെർസ് പറഞ്ഞു. സിറിയയെ ഒരു ജനാധിപത്യ രാജ്യമായി മാറ്റുന്നതിൽ ജർമ്മനി പങ്കാളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ജർമ്മൻ പൗരത്വം ലഭിച്ച 2.5 ലക്ഷത്തോളം സിറിയക്കാരെ ഈ നീക്കം ബാധിക്കില്ല.